പേരിന്റെ പേരിൽ ഒരു നുണക്കഥ


പേരിന്റെ പേരിൽ ഒരു നുണക്കഥ

ഇടനാഴിയിലൂടെ നടന്നു ഫിസിക്സ് ഡിപ്പാർട്മെന്റിനടുത്തുള്ള  മൂലയിൽ എത്തുമ്പോൾ പ്രിയനും അച്യുതാനന്ദനും മാധവനും പതിവുപോലെ ക്ലാസ് മുറിക്കു പുറത്തു വാചകമടി  നടത്തുന്നുണ്ടായിരുന്നു

സാർ  മുറിയിൽ കടന്ന ശേഷമേ അവർ കടക്കുകയുള്ളു. സാർ അഥവാ വന്നില്ലെങ്കിൽ ഒരു പ്രവേശനം  വെറുതെ ആയില്ലെ.

അച്യുതാന്ദൻ എന്റെ നേരെ തിരിഞ്ഞു.

ബാബുവേ നീ അറിഞ്ഞോ?  പുതിയ സാർ വന്നിരിക്കുന്നു , പേര് കൃഷ്ണൻ.

അവൻ നിർത്തുന്നതിനു  മുൻപ് തന്നെ  മാധവന്റെ കമന്റ് :
ദൈവമേ ഡിഗ്രി നേടിയെടുക്കാൻ സഹായിക്കണേ.

ദൈവത്തിനു  ഇതിൽ എന്താണ് പങ്ക് എന്നാണ് പ്രിയന്റെ  സംശയം.

ഏതു ദൈവത്തോടാണ്?
അവൻ തന്നെ ചോദ്യത്തിന്റെ  ഉത്തരവും കാച്ചി. 

ശരിയാണ് ഫിസിക്സിൽ എല്ലാം ദൈവനാമങ്ങളാണല്ലോ!  , പദ്മനാഭൻ, വേണുഗോപാലൻ  ഇപ്പോൾ കൃഷ്ണൻ.

കണ്ടുപിടുത്തം ആസ്വദിച്ചു  പ്രചരിപ്പിക്കാൻ തീരുമാനിച്ചു പിരിഞ്ഞു.

കുറച്ചു നാളുകൾക്കു ശേഷം ഇതിന് ഒരു അനുബന്ധം ഉണ്ടായി.

സീൻ രണ്ട്, ശങ്കരൻകുട്ടി സാറിന്റെ വരവ്.

അദ്ഭുതം ഇരട്ടിച്ചു. കുട്ടി എന്നുള്ളത് അവഗണിക്കാമെന്നും , സാറും ഒരു ദൈവം തന്നെയെന്നും അഭിപ്രായം വന്നുപ്രിയന്റെ ഹൈപോത്തീസിസ് തിയറം ആയി. ഫിസിക്സ്- ദൈവങ്ങളെ മാത്രമേ നിയമിക്കുകയുള്ളു.

സീൻ മൂന്ന് കുറെ കഴിഞ്ഞാണ്. 
ആത്മവിശ്വാസത്തോടെ , പ്രിയന്റെ തിയറം പൊളിക്കാമെന്നുള്ള പ്രതീക്ഷയോടെയാണ് അന്ന് അച്യുതാനന്ദൻ വാർത്ത  പുറത്തു വിട്ടത്.

ഒരു  പ്രൊഫസർ വരുന്നു.

മറ്റുള്ളവരോട് കണ്ണിറുക്കി, ക്രൂരമായി പ്രിയനെ നോക്കി അവൻ പറഞ്ഞു : നീ ചിന്തിക്കുന്നത് പോലെ , ഹിന്ദു അല്ല.

പ്രിയന്റെ  മുഖം വാടി.
യാദൃശ്ചികമായി തന്റെ പേരിൽ പരന്ന സിദ്ധാന്തം ന്യായീകരിക്കാൻ അവൻ നിന്നില്ല.

അവൻ ഓഫീസിലേക്ക് ഓടി. 
തിരിച്ചുവരുമ്പോൾ അവന്റെ മുഖത്ത് മുമ്പത്തെ മ്ലാനഭാവം ഉണ്ടായിരുന്നില്ല.

മാധവന്റെ സംശയം: ഏന്തേ വാർത്ത ശരിയല്ലെ? പ്രൊഫസർ വരുന്നില്ലേ ?

വരുന്നൊക്കെയുണ്ട് പക്ഷെ ...

പക്ഷെ ?

പേരെന്താണെന്നറിയാമോ?

എന്താ?

ദേവസ്സ്യ.

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ