ജാത്യാലുള്ളത്
വൈകുന്നേരം
മലാപ്പറമ്പിലേക്കാണ് ഓട്ടം കിട്ടിയത്. ഇരുട്ടായാൽ പിന്നെ മീഞ്ചന്ത ഭാഗത്തേക്കുള്ള ഓട്ടമേ എടുക്കാറുള്ളു.
അല്ലെങ്കിൽ ദൂരത്തെത്തിപ്പോകും, വീട്ടിൽ എത്തുമ്പോൾ അര്ധരാത്രിയാകും. ഇത് പിന്നെ പോലീസ് സ്റ്റേഷൻ എന്നാണ് ലക്ഷ്യം പറഞ്ഞത്.
പാസ്സന്ജറെ കണ്ടിട്ട് പോലീസ് ആകാനിടയില്ലാത്ത ആളല്ല .
ഒഴിവുകഴിവൊന്നും
പറയാൻ നിന്നില്ല.
അയാളെ
മലാപ്പറമ്പിൽ വിട്ട് അവിടെ കുറെ തങ്ങി. തെക്കോട്ടുള്ള
ഓട്ടമൊന്നും കിട്ടിയില്ല.
കുറെ
കഴിഞ്ഞു ഒരു ഓട്ടം മാനാഞ്ചിറക്ക്.
അത് കഴിഞ്ഞു പിന്നെയും ഇടവേള. പതിനൊന്നു കഴിഞ്ഞു. വീട്ടിൽ പോയേക്കാമെന്നു കരുതി തെക്കോട്ടു പിടിച്ചു. ആര്യവൈദ്യശാല കഴിഞ്ഞപ്പോൾ പെട്ടൊന്നോർമ വന്നു.
പുഷ്പ ജംഗ്ഷൻ കഴിയണം. അവിടെ MGR ന്റെ പടമാണ് കളിക്കുന്നത്.
നല്ല തിരക്കായിരിക്കും ആ ഭാഗത്ത്.
പിറകിൽ
നിന്ന് ഒരു ചോദ്യം : മാത്തോട്ടം
വരെ പോകാമോ?
തിരിയാനും
ആളെ നോക്കാനും മെനക്കെടാതെ പറഞ്ഞു: പത്തു രൂപയാകും.
തിരിച്ചൊന്നും
കേട്ടില്ല. അയാൾ കയറി.
വട്ടക്കിണർ
കഴിഞ്ഞപ്പോൾ നിരത്തിൽ ആരുമില്ല.
ക്ഷീണവും ബോറടിയും കൊണ്ട് ശ്രദ്ധ എങ്ങോട്ടോ പോയോ എന്ന് സംശയം.
റെയിൽവേ ഗേറ്റ് അടച്ചിട്ടത് കാണാൻ അല്പം വൈകി. ഈ സമയത്തു ഒരു
വണ്ടിയില്ല. വല്ല ഗുഡ്സ്
വണ്ടിയും ആയിരിക്കും. പെട്ടെന്ന് ബ്രേക് ഇട്ടു, ഹാൻഡിൽ ഒടിച്ചു. ആകെ ദ്വേഷ്യം പിടിച്ച
കാളയെ പോലെ വണ്ടി ഒരു
കിടത്തം. പെട്ടെന്ന് ചാടിയത് കൊണ്ട് ഒന്നും പറ്റിയില്ല. ആദ്യം നോക്കിയത് ഗേറ്റിനു എന്തെങ്കിലും പറ്റിയോ എന്നാണ്. കേന്ദ്രസർക്കാരിന്റേത് ആണ്, കേസായാൽ പെട്ടത് തന്നെ.
ഗേറ്റിൽ മുട്ടിയിട്ടില്ല.
ആശ്വാസം.
പിന്നെ
നോക്കിയത് ആരെങ്കിലും കണ്ടോ എന്നാണ്. ആരുമില്ല. ഗേറ്റ് കൺട്രോൾ റൂമിൽ സാമിയെട്ടനെ കണ്ടില്ല. ഗേറ്റടച്ചു സിഗ്നൽ താഴ്ത്തി അയാൾ ഉറക്കം തുടർന്ന്
കാണും.
വണ്ടി
നിവർത്തി വെക്കാൻ കുറച്ചു ബുദ്ധിമുട്ടി. പിന്നിൽ നോക്കിയപ്പോൾ പാസ്സന്ജരെ കാണാനില്ല. ഇയാൾ എപ്പോഴാണ് ഇറങ്ങിയത്?
പത്തു രൂപ തരാൻ മടിച്ചിട്ടു
മുങ്ങിയോ?
ചുറ്റും
സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഗട്ടറിൽ ഒരു കയ്യ് കണ്ടത്.
ആൾ ഉറങ്ങിപ്പോയി എന്നാണ് ആദ്യം കരുതിയത്. പിന്നെ മനസ്സിലായി ബോധമില്ല എന്ന്. തട്ടി വിളിച്ചിട്ടൊന്നും ഒരു അനക്കവും ഇല്ല.
പത്തു രൂപ തരാൻ മടിച്ചിട്ട് അഭിനയിക്കുകയാവുമോ?
മുഖത്ത്
കുറച്ചു വെള്ളം തളിക്കാൻ ഒരു ഉപാധിയും കണ്ടില്ല.
അപ്പോഴാണോർത്തത്, ഗോപാലേട്ടന്റെ മുറുക്കാൻ കടയുടെ അരികിൽ ഒരു
പൊതു ടാപ്പ് ഉണ്ടല്ലോ. ആളെ മെല്ലെ പൊക്കി
വലിച്ചു ടാപ്പിനടിയിൽ കിടത്തി. ശിരത്തിലൊക്കെ ചളിയായിരിക്കുന്നു. തുറന്നു പിടിച്ചാലേ ടാപ്പിൽ
നിന്ന് വെള്ളം വരൂ. അയാളെ ടാപ്പിനടിയിൽ
കിടത്തി മുഖം വെള്ളം വീഴുന്ന
ഭാഗത്തേക്ക് നീക്കി ടാപ്പ് തുറന്നു.
മുഖത്ത്
വെള്ളം വീണിട്ടും ഒരനക്കവുമില്ല. ഭഗവാനേ ഹലാക്കിന്റെ അവിലും കഞ്ഞിയുമായോ?
കഴുത്തു
പിടിച്ചു നേരെയാക്കുമ്പോഴാണ് വലത്തേ കയ്യ് ശ്രദ്ധിച്ചത്. അത് ഒടിഞ്ഞു ചെറുതായിരിക്കുന്നു.
ഏതോ ഒരു ഉൾപ്രേരണ കാരണം
ഒരു കയ്യിൽ കുറച്ചു വെള്ളമെടുത്തു ഉഴിയാൻ തുടങ്ങി. കൈ നേരെയായില്ലെങ്കിൽ കുഴപ്പമാണ്.
അപ്പോഴാണ്
ആ ഞരക്കം. ഞരക്കത്തിനിടയിൽ ചില വാക്കുകൾ : അത്
ശരിയാക്കാൻ നോക്കണ്ട, അത് പേറ്റിലുള്ളതാ.
Comments
Post a Comment