നയതന്ത്രം

 

 

കസ്റ്റമേഴ്സിനെ എങ്ങനെ കൈകാര്യം ( കൈകാര്യമല്ല) ചെയ്യണമെന്ന്  പ്രത്യേകിച്ചും  ആളുകളുടെ ഇടയിൽ എങ്ങനെ നയതന്ത്രം ഉപയോഗിക്കണമെന്ന് പൊതുവെയും പഠിപ്പിക്കാനുള്ള ഒരു ക്ലാസ് ആയിരുന്നു ബാങ്കിന്റെ  വക. ഇത്തരം കാര്യങ്ങൾ ഉദാഹരണങ്ങളിലൂടെയേ പഠിപ്പിക്കാനൊക്കു. പരിശീലകൻ ഒരു കഥ പറഞ്ഞു.

 

ഒരു സാധാരണ അച്ഛൻ, സുന്ദരിയും കൃശഗാത്രിയുമായ ഒരു മകൾ, തിരുച്ചുവെച്ച വില്ലുപോലെ മീശയുള്ള ഒരു വില്ലൻ.

 

മലയടിവാരത്തിൽ തെളിഞ്ഞൊഴുകുന്ന പുഴയുടെ കരയിൽ അവരുടെ വീട്, അതിനധികം അകലെയെല്ലാതെ ഒരു ക്ഷേത്രം. ക്ഷേത്രത്തിൽ വെച്ച് വില്ലൻ സുന്ദരിയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു.

 

വില്ലൻ അച്ഛനെ കണ്ടു കാര്യം പറഞ്ഞു. അയാൾ ഒഴിയാൻ നോക്കി. ഞാനെന്താണ് പറയേണ്ടത് ? അവളോട് ചോദിച്ചിട്ടു പറയാം. വില്ലൻ പോയി.

 

അച്ഛൻ ഗ്രാമമുഖ്യനെ കണ്ടു സങ്കടം പറഞ്ഞു. മകളെ ഇത്രയെല്ലാം പഠിപ്പിച്ചിട്ട് പടിപ്പ്പും ജോലിയുമൊന്നും ഇല്ലാത്ത ഒരുവനെ വിവാഹം ചെയ്യാൻ എങ്ങനെ പറയും? അവൾ ജീവിച്ചിരിക്കില്ല.

എന്തെങ്കിലും വഴിയുണ്ടാകും എന്ന് പറഞ്ഞു മുഖ്യൻ അച്ഛനെ സമാധാനിപ്പിച്ചു.

 

വില്ലനും മുഖ്യനെ കണ്ടു. അയാൾ അവിടെ ഒന്നും ഏറ്റില്ല. ഞാനാലോചിക്കട്ടെ എന്ന് പറഞ്ഞു.

 

മുഖ്യൻ അച്ഛൻ, മകൾ, വില്ലൻ വേറെ ഒന്ന് രണ്ടു നിയുക്തസാക്ഷികൾ എന്നിവരെ പുഴയോരത്തേക്കു വിളിപ്പിച്ചു. എല്ലാരുടെയും മുന്നിൽ വെച്ച് അയാൾ പറഞ്ഞു:

 

നിങ്ങളെല്ലാവരും എനിക്ക് വേണ്ടപ്പെട്ടവരാണ്. ആരുടേയും ഭാഗം പിടിക്കാൻ വയ്യ. അതുകൊണ്ടു തീരുമാനം നമുക്ക് വിധിക്കു വിടാം. നറുക്കിടാം. അതിനുള്ള ഏർപ്പാട് ചെയ്യാം.

 

വില്ലൻ ഉടനെ പോയി ഒരു കുടവുമായി വന്നു. അയാൾ പറഞ്ഞു: നിങ്ങൾ പറഞ്ഞതൊക്കെ എന്റെ മാന്യത കാരണം ഞാൻ സമ്മതിച്ചിരിക്കുന്നു. കുടത്തിൽ രണ്ടു കല്ലുകൾ ഉണ്ട് ഒന്ന് വെളുത്തത്, മറ്റേതു കറുത്തത്. ഇതിൽ നിന്ന് ഒരു കല്ല് ഇവൾ തന്നെ എടുത്തോട്ടെ അത് വെളുപ്പാണെങ്കിൽ ഞാൻ പറഞ്ഞത് സമ്മതിക്കണം. കറുപ്പാണെങ്കിൽ ഇവൾ പൊയ്ക്കോട്ടേ.

 

സുന്ദരിക്ക് സംഗതി മനസ്സിലായി. കല്ല് ഇയാൾ ആദ്യമേ കുടത്തിൽ കൊണ്ടുവന്നിരിക്കുന്നു. അവനെ സംശയിക്കാനുള്ള  ധൈര്യം അവർക്കുണ്ടെങ്കിൽ അവനെ വില്ലൻ എന്ന് വിളിക്കില്ലല്ലോ. പെട്ടത് തന്നെ.

 

മുഖ്യനും അച്ഛനും നിസ്സഹായരായി അവളെ നോക്കി.

അവൾ നിസ്സംഗയായി പറഞ്ഞു: അങ്ങനെ ആവട്ടെ.

 

അവൾ കുടത്തിൽ കയ്യിട്ടു. ചുരുട്ടിപ്പിടിച്ച കയ്യ് പുറത്തേക്കെടുക്കാൻ അവൾ കുറച്ചു ബുദ്ധിമുട്ടി. വെപ്രാളപ്പെട്ട് പുറത്തെടുക്കുമ്പോൾ കല്ല് തെറിച്ചു പോയി. അത് താഴെയുള്ള അനേകം കല്ലുകൾക്കിടയിൽ  കണ്ടാലറിയാത്തവിധം സംഘം ചേർന്നു.

 

മുഖ്യൻ തീരുമാനമെടുത്തു. കല്ല് ഇനി കിട്ടില്ല. പക്ഷെ അത് എന്ത് നിറമായിരുന്നെന്നറിയാൻ നമുക്ക് കുടത്തിൽ ബാക്കിയുള്ളത് എടുത്തു നോക്കാം.

Comments

Popular posts from this blog

റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന്.

ഭാഗ്യാതിരേക

കോരു എന്ന പേര്.