വലിയ ഒന്ന്

 

 

അവന്റെ കൈ കുറച്ചു വിറയ്ക്കുന്നുണ്ടായിരുന്നു. എങ്ങനെ വിറക്കാതിരിക്കും? വൈകുന്നത് വരെ ജോലി ചെയ്താൽ കിട്ടുന്നത് അമ്പത് രൂപയാണ് . അതിൽ 20 രൂപ ഇപ്പോൾ നഷ്ടമായിരിക്കുന്നു.

 

അമ്മാവനാണെന്നു പറഞ്ഞിട്ട് കാര്യമില്ല. അമ്മാവൻ വേറെ ജോലി വേറെ എന്നാണ് വില്ലനായ മുതലാളി  അവനോട് പറഞ്ഞത്ഒരു ഷേവിങ്ങിന് അയാൾ വാങ്ങുന്നത്  50 രൂപ. അതിൽ പത്തു രൂപയാണ് തനിക്ക്‌.

 

തുടക്കക്കാരനാണ് , വേണ്ടതിലധികം മൂർച്ചയുള്ള കത്തിയാണ്, തലയാട്ടിക്കൊണ്ടും മുൻപിലെ  TV  കണ്ടു  ഞെട്ടിക്കൊണ്ടുമാണ് ചില ദുഷ്ടർ  വടിക്കാൻ താടി വെച്ച് തരുന്നത്... ഇതൊക്കെയുണ്ട് തനിക്കെതിരായിട്ട്. അല്പമൊക്കെ മുറിയാതിരിക്കുമോ? ഒരു മുറിവിനു (പോറൽ ആകാം കോറൽ ആകാം)  20  രൂപ യാണ് അമ്മാവൻ നിജപ്പെടുത്തിയ പെനാൽറ്റി. വെറുതെ പറയുന്നതല്ല, മിക്ക ദിവസങ്ങളിലും ചെക്കന് വീട്ടിൽ കൊണ്ട് പോകാൻ കിട്ടുന്നത് 30 രൂപയാണ്. ഒന്നുകിൽ ഒരാളുടെ താടി മുറിഞ്ഞു, അല്ലെങ്കിൽ ഒരു പയ്യന്റെ മുടി  സൈഡ് കട്ട് ചെയ്യാനുള്ളത് ക്രോപ് ആയിപ്പോയി.

 

ഇന്നിപ്പോൾ കസേരയിലിരിക്കുന്ന വയസ്സന്റെ താടിയിൽ ഒരു ചെറിയ മുറിവ്. അയാൾ അത് സഹിച്ചെങ്കിലും അമ്മാവൻ ശ്രദ്ധിക്കുന്നത് ചെക്കൻ കാണാതിരുന്നില്ല. ഇരുപതു രൂപ സ്വാഹാ. അപ്പോൾ തുടങ്ങിയ വിറയലാണ് കൈക്ക് .

 

വിറയലാകാം രണ്ടാമത്തെ മുറിവിന്  കാരണം ആയത് . കസ്റ്റമർ ഒന്ന് പുളഞ്ഞു. സോപ്പിന്റെ  കൂടെ ആലം കല്ലുപയോഗിച്ചതുകൊണ്ടാവാം അയാൾ അത് കണക്കാക്കിയില്ല. പക്ഷെ വലിയ ആൾ അതൊക്കെ ശ്രദ്ധിക്കുന്നുണ്ട്. പെനാൽറ്റി കണക്കു കൂട്ടുകയാവാം. അടുത്തടുത്ത് രണ്ടു മുറിവ് കണ്ടു അവന്റെ ഉള്ളു പിടഞ്ഞു. അവൻ കത്തി ഒന്ന് നോക്കി. വയസ്സനെയും ഒന്ന് നോക്കി. ഒറ്റ പ്രയോഗം. എന്നിട്ടവൻ അകത്തേക്ക് പൊയ്കളഞ്ഞു.

 

വാതിലിനു പുറകിൽ നിന്ന് കർട്ടന്റെ  വിടവിലൂടെ നോക്കി. അയാൾ ബഹളം വെക്കുന്നു. അമ്മാവൻ വന്നു സാന്ത്വനിപ്പിക്കുന്നു. അതിനിടയിൽ അമ്മാവൻ ഇടം കണ്ണിട്ട് അവനെ നോക്കുന്നുമുണ്ട്.

 

കസ്റ്റമർ പോയ ശേഷമാണ് പിന്നെ അവൻ പുറത്തു വന്നത്.

 

എടാ , അമ്മാവൻ ചോദിച്ചു, ഒന്നും ഒന്നും യോജിപ്പിച്ചു വലിയ ഒന്നാക്കി അല്ലെ?

 

കടപ്പാട്: വൈക്കത്തെ അറിയാത്ത ഒരാൾ പറഞ്ഞ ഫലിതം

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ