ഷർട്ടിന്റെ കഥ (ഒന്ന്)
ഷർട്ടിന്റെ കഥ
ഒന്ന്.
വെളുത്ത
പശ്ചാത്തലത്തിൽ ചെറിയ ആനക്കുട്ടികളുടെ
ചിത്രമുള്ള ടെറി
കോട്ടൺ ഷർട്ട് പീസ്. അഞ്ചു
മണി കഴിഞ്ഞു ബാലൻ
ബാങ്കിങ് ഹാളിന്റെ വാതിൽ അടക്കുമ്പോഴാണ്
തുണിക്കടക്കാരൻ മീരാൻ തന്റെ
ഭാണ്ഡവും ആയി അകത്തു
കയറിയത്. അവൻ കെട്ടു
അഴിച്ചു ബെഞ്ചിൽ നിരത്തിയപ്പോഴേക്കും എല്ലാവരും
അവിടെ കൂടി. ആദ്യമായി
അവൻ കാണിച്ചത് ഈ
തുണി ആണ്. എനിക്ക്
അത് ഇഷ്ടപ്പെട്ടു. ഞാൻ
ഒരു പീസ് എടുത്തു.
മറ്റുള്ളവരും
അവർക്കിഷ്ടപ്പെട്ട പീസുകൾ എടുത്തു. വില്പന
അവസാനിച്ചു മീരാൻ ഭാണ്ഡം
കെട്ടുമ്പോഴാണ് ഉണ്ണികൃഷ്ണന് അതെ തുണിയിൽ
ഒരു കഷ്ണം വേണമെന്ന്
തോന്നിയത്. വേറെ പീസ്
ഇല്ലെന്നും അടുത്ത വരവിനു കൊണ്ടുവന്നു
കൊടുക്കാമെന്നും മീരാൻ പറഞ്ഞു.
എന്റെ പീസ് വേണമെങ്കിൽ
കൊടുക്കാമെന്നു പറഞ്ഞെങ്കിലും ഉണ്ണികൃഷ്ണൻ അത് നിരാകരിച്ചു.
വേറൊന്നു കൊണ്ട് വരാൻ മീരാനെ ഏല്പിച്ചു.
ഞാൻ അത് തയ്പ്പിച്ചു ധരിക്കാൻ തുടങ്ങി, അഭിമാനത്തോടെ. ഉണ്ണികൃഷ്ണനും ഒരു പീസ് സംഘടിപ്പിച്ചു തയ്പ്പിച്ചു ധരിക്കാൻ തുടങ്ങി.
ഞങ്ങൾ പിന്നെ ആ കാര്യം പതിവ് പോലെ മറന്നു.
ഒരു വൈകുന്നേരം ഉണ്ണികൃഷ്ണൻ ചോദിച്ചു : "സാറ് നാളെ ഏതാണ് ഷർട്ട് ഇടുന്നതു ?". അതിന്റെ പ്രസക്തി എനിക്ക് മനസ്സിലായില്ല എങ്കിലും ഞാൻ പറഞ്ഞു: പാറു അമ്മ ഏതാണ് തേച്ചു വെക്കുന്നതെന്നു നോക്കണം. എന്തേ ?
ഓ , ഒന്നുമില്ല.
പിന്നീടൊരു ദിവസവും ഇതേ ചോദ്യം വന്നു. അല്പം വ്യത്യാസത്തിൽ. "സാറ് നാളെ ഏതാണ് ഷർട്ട് ഇടുന്നതു ? ആ ആനക്കുട്ടി ഡിസൈൻ ആണോ ?"
അല്ലെന്നായിരുന്നു എന്റെ ഉത്തരം. അതോടു ബന്ധിപ്പിക്കാൻ തക്ക ഒരു സംഭവവും ഉണ്ടായില്ല.
മൂന്നാം തവണ ചോദിച്ചപ്പോൾ ഞാൻ അതെ എന്ന് പറയുക മാത്രമല്ല പിറ്റേ ദിവസം ആ ഷർട്ട് ഇട്ടു ബാങ്കിൽ ചെല്ലുകയും ചെയ്തു.
അന്ന് ഉണ്ണികൃഷ്ണനും ആ ഡിസൈൻ ഷർട്ട് ഇട്ടു വന്നത് യാദൃശ്ചികമായിരിക്കുമോ ?
ഞാൻ അദ്ദേഹത്തെ കാബിനിൽ വിളിച്ചു. : ഉണ്ണിസാർ, നിങ്ങളും സെയിം പിഞ്ച് ആയിട്ടു വന്നിരിക്കുന്നല്ലോ ! എന്താ കാര്യം?
ഞാൻ തീരുമാനിച്ചു സാർ, നിങ്ങൾ ഇത് ഇടുന്ന അന്ന് മാത്രമേ ഞാൻ ഇടുകയുള്ളു.
അതെയോ ? അതെന്താ ?
ഉണ്ണിസാർ കുറച്ചു അടുത്ത് വന്നു : സാർ, ചില ദ്രോഹികൾ ഇവിടെ പറഞ്ഞു പരത്തുന്നുണ്ട് ഞാൻ സാറിന്റെ ഷർട്ട് വാങ്ങി ഇട്ടു വരികയാണ് എന്ന് .
😀
ReplyDelete