മര്യാദ ഇല്ലാത്ത കുതിര

 

 

കഥയിലെ കഥാപാത്രങ്ങൾ തികച്ചും ഭാവനാസൃഷ്ടി ആണെന്നും മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ഇതിലേതെങ്കിലും ഒന്നാവാൻ  ശ്രമിക്കുന്നവരോ ആയ ആരെങ്കിലുമായി  സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് അങ്ങനെ തോന്നുന്നവരുടെ ദോഷം ആണെന്നും എല്ലാറ്റിനും ഉപരി സ്വന്തമല്ലാത്തതുകൊണ്ടു ഇത് വായിച്ചതുകൊണ്ടു ആർക്കെങ്കിലും എന്തെങ്കിലും നഷ്ടമോ കഷ്ഠമോ ഉണ്ടായെങ്കിൽ ഞാൻ ഉത്തരവാദി ആവില്ലെന്നും അറിയിക്കുന്നു. പോരെ?

 

വെറ്റിനറി ഡോക്ടർ ഗുണപാലന് അധികം സംസാരിക്കേണ്ടി വരാറില്ല. രോഗികൾ സംസാരിക്കില്ല. കൂട്ട് വരുന്നോരും അസുഖം ഇയാൾ കണ്ടു പിടിച്ചോട്ടെ എന്ന മട്ടാണ്. ജനസംഖ്യ കുറഞ്ഞ മലയോരഗ്രാമം ആയതുകൊണ്ട് പൊതുവെ സന്ദർശകരുടെ കുറവും ഉണ്ട്.

 

അത്തരം ഒരു ദിവസം ഒരാൾ വന്നു.

 

അയാളുടെ കഷ്ടം മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.

 

തന്റെ ആകെ സമ്പാദ്യവും ഓമനയുമായ കുതിര വല്ലാതെ ചുമയ്ക്കുന്നു.

 

എത്ര കാലമായി?

 

രണ്ടു മാസമായി. പലരെയും കാണിച്ചു. ചുമക്കുള്ള എല്ലാ മരുന്നും കൊടുത്തു.

എന്ത് മരുന്നാണ് കൊടുത്തത് ?

സാധാരണ കൊടുക്കാറുള്ള സിറപ്പും ഗുളികയുമൊക്കെ.

 

മനുഷ്യർക്ക് കൊടുക്കാറുള്ള മരുന്ന് ആണ് കൊടുത്തത് എന്ന് ഗുണപാലനു  മനസ്സിലായി.

 

അത് പോരാ മൃഗങ്ങൾക്കു ശക്തി കൂടിയ മരുന്ന് തന്നെ വേണം.

 

ഡോക്ടർ അയാൾക്ക്ഒരു പൊതിയിൽ ഒരു പൊടി കൊടുത്തു, 50 ഗ്രാം  ഉണ്ടാകും.

 

ഇത് ഒറ്റ പ്രാവശ്യം കൊടുക്കു. എന്നിട്ടു രണ്ടു ദിവസം കഴിഞ്ഞിട്ട് വന്നു വിവരം പറയു. വളരെ സ്ട്രോങ്ങ് ആയിട്ടുള്ള മരുന്നാണ് സൂക്ഷിച്ചു കൈകാര്യം ചെയ്യണം.

 

കലക്കി കൊടുത്താൽ മതിയോ .

 

അത് വേണ്ട അങ്ങനെ തന്നെ കൊടുത്താൽ മതി.

 

സന്ദർശകൻ സംശയിച്ചു നിന്നു. എന്താ എന്നർത്ഥത്തിൽ ഗുണപാലൻ  അയാളെ നോക്കി.

 

അല്ലാ , പൊടി എങ്ങനെ കൊടുക്കും? വായിൽ കയ്യിട്ടാൽ അത് കടിക്കില്ലേ?

 

ഡോക്ടർ ഒന്നാലോചിച്ചു. എന്നിട്ടു ചോദിച്ചു: വീട്ടിൽ ചന്ദനത്തിരിയുടെ കൂട് ഉണ്ടാകുമൊ ?

ഉണ്ടാകും.

. ഒന്നെടുത്തു രണ്ടറ്റവും തുറന്ന് പൊടി അതിലിട്ടു കുതിരയുടെ വായിൽ വച്ചു കൊടുത്താൽ മതി.

അതിന്റെ മെക്കാനിസം അയാൾക്ക്ശരിക്കു മനസ്സിലായില്ല.

കുതിര വലിച്ചെടുക്കുമോ ?

ഡോക്ടർക്ക് കുറച്ചു അരിശം വന്നെങ്കിലും പുറത്തു കാണിച്ചില്ല. എല്ലാം പറഞ്ഞു കൊടുക്കണം.

പൊടി കൂടിൽ ഇട്ടു വായിൽ വെച്ച് നിങ്ങൾ ഒന്നൂതിയാൽ മതി. ശരിക്ക് ഊതിയാൽ  ഒറ്റ ഊത്തിനു അത് പൊയ്ക്കൊള്ളും.

 

അയാൾ പോയി.

വേറെ തിരക്കുള്ള ജോലിയൊന്നുമില്ലാതിരുന്നത് കൊണ്ട് ഗുണപാലൻ പാവത്തിനെ പറ്റിയ ആലോചിച്ചുകൊണ്ടിരുന്നു.

 

പിന്നെ അയാളെ ഓർത്തത് രണ്ടു മൂന്ന് ദിവസം കഴിഞ്ഞാണ്. അയാൾ വന്നില്ലല്ലോ എന്ന് അതിശയിച്ചു. രോഗി കാലി  ആയിപോയിരിക്കുമോ?

 

അത് പിന്നെ ഗുണപാലന്റെ മനസ്സിൽ നിന്ന് പോയി.

 

ഒരു ദിവസം പച്ചക്കറി ചന്തയിൽ വച്ച് നമ്മുടെ ആളെപ്പോലെ ഒരാളെ പിറകിൽ നിന്ന് കണ്ടു. തിരക്കിനിടയിലൂടെ അയാളെ സമീപിച്ച ഗുണപാലനെ അയാൾ ഒഴിവാക്കുന്നു എന്നൊരു സംശയം.

 

കുറച്ചു സ്പീഡ് കൂട്ടി നടന്നു അയാളുടെ ചുമലിൽ കൈ വെച്ചു. അയാൾ തിരിഞ്ഞപ്പോൾ ഗുണപാലന് സംശയമായി. ഇത് അയാൾ തന്നെയാണോ? വല്ലാതെ മെലിഞ്ഞു വിവശനായിരിക്കുന്നു.

 

നിങ്ങൾ അന്ന്, കുതിര?

കുതിര തന്നെ.

എന്ത് പറ്റി ? വരാൻ പറഞ്ഞിട്ടു വന്നില്ലല്ലോ?

എങ്ങനെ വരാൻ ഞാൻ തന്നെ ഹോസ്പിറ്റലിൽ ആയിരുന്നു.

ഓ! ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് ഗുണപാലൻ  ചോദിച്ചു. മരുന്ന് കൊടുത്തില്ലേ.

കൊടുക്കുകയായിരുന്നു .  ഡോക്ടർ പറഞ്ഞപോലെ ഞാൻ എല്ലാം ചെയ്തു. പക്ഷെ,

പക്ഷെ?

ഞാൻ  ഊതുന്നതിനു മുൻപ് കുതിര ഇങ്ങോട്ട് ഊതിക്കളഞ്ഞു..

 

 

 

 

 

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ