സഹദേവന്റെ ക്രൂരകൃത്യം
സഹദേവന്റെ ക്രൂരകൃത്യം
പണ്ടൊക്കെ അധ്യാപകർക്ക് എന്തെല്ലാം ദുഃശീലങ്ങളായിരുന്നു ! തല്ലും, കുട്ടികളെ ബെഞ്ചിൽ കയറ്റി നിർത്തിക്കും, പെൺകുട്ടികളുള്ള ക്ളാസ് ആണെങ്കിൽ ആൺകുട്ടികളെ അവർ കേൾക്കെ ശകാരിക്കും. കുട്ടികൾ നന്നായി പഠിക്കണമെന്ന് ശഠിക്കും. ചിലപ്പോൾ ഇന്ന് പെട്ടെന്ന് വന്നു ഇന്നലെ എടുത്ത പാഠത്തിലെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധി മുട്ടിക്കും.
ഗോപാലകൃഷ്ണൻ മാഷ് നല്ല ആളായിരുന്നു. മേൽത്തരം അന്യായങ്ങളൊന്നും അറിയാത്ത ആൾ. കുട്ടികൾ അദ്ദേഹത്തെ അമ്മോൻ എന്ന് ഇരട്ടപ്പേരിട്ടു വിളിച്ചിരുന്നത് ഒരു പക്ഷെ മാതുലസഹജമായ ഒരു സ്നേഹം അദ്ദേഹത്തിൽ കണ്ടത് കൊണ്ടാകാം .
അദ്ദേഹത്തിന്റെ ശിക്ഷണത്തിനു ഒരു പ്രത്യേക ശൈലി ആയിരുന്നു. പാഠവും ചോദ്യോത്തരവും എല്ലാം സ്വന്തം വക.
താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ ആണ് എന്ന് പാഠം. ഉടനെ തന്നെ ഉണ്ടാകും "താജ്മഹൽ നിർമ്മിച്ചത്........" എന്ന ചോദ്യ ഭാഗവും "ഷാജഹാൻ ആണു് " എന്ന പൂരകവും. പൂരകം കുട്ടികൾ ചേര്ക്കണം എന്ന് നിർബന്ധമില്ല. രണ്ടു സെക്കന്റിന്റെ ഇടവേള കൊടുത്തു അദ്ദേഹം തന്നെ അത് ചെയ്യും.
ചില കുട്ടികൾക്ക് ഇതൊരു തമാശ . ഉത്തരം വളച്ചൊടിച് അവർ വിരുതന്മാരാകും. കൂടെ ഇരിക്കുന്നവരെ പെടുത്തുകയും ചെയ്യും. അത്തരം ഒരു അപകടമാണ് സഹദേവൻ എന്ന പേരിൽ എന്റെ അടുത്ത് ഇരുന്നത്.
“ആയിരത്തി തൊള്ളായിരത്തി മുപ്പതിൽ ആണ് ദണ്ഡി യാത്ര നടന്നത്”. ആയിരത്തി തൊള്ളായിരത്തി മുപ്പതിൽ...... സഹദേവൻ അതു പൂരിപ്പിച്ചു. ഞാൻ കേട്ടില്ല. കുട്ടികളെല്ലാം കേട്ടു.
കുട്ടികൾക്ക് ചിരിയുടെ ബഹളം. മാഷ് കേട്ടു. അദ്ദേഹത്തിന്റെ മുഖത്ത് ഒമ്പതിലും പെടാത്ത ഒരു രസം.അദ്ദേഹം കുട്ടികളെ നോക്കി. സഹദേവനെ നോക്കി. എന്നെ നോക്കി.
ഇവിടെ വാ . ഞാൻ എണീറ്റു ചെന്നു . ഒരു രഹസ്യം പറയുന്നത് പോലെ കുനിഞ്ഞു. ഒന്നാം നിലയിൽ എട്ടു ഐ ആണ് ക്ളാസ്സ്. അദ്ദേഹം താഴെ സ്റ്റാഫ് റൂമിലേക്ക് ചൂണ്ടി . എന്റെ കസേരക്കടുത്തു ഒരു വടി ഉണ്ട് . എടുത്ത് വാ.
ഈ മഹാപ്രവൃത്തിക്ക് തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷത്തോടെ ഞാൻ ഓടി. സ്റ്റാഫ് റൂമിലെ കനത്ത ചൂരൽ എടുത്തു തിരിച്ചോടി. ഇന്ന് സഹദേവന്റെ ഈ സ്വഭാവത്തിന് ഒരു തീരുമാനം ആകും.
.
ചൂരൽ മേശപ്പുറത്തു വെച്ച് സീറ്റിലേക്ക് പോകാൻ തിരിഞ്ഞ എന്നെ മാഷ് അവിടെ തന്നെ നിർത്തിച്ചു.
"എന്റെ വാചകം ഞാൻ തന്നെ പൂരിപ്പിച്ചാൽ മതി". എന്റെ വാചകം ഞാൻ തന്നെ പൂരിപ്പിച്ചാൽ......
ഞാൻ ഒന്നും മിണ്ടിയില്ല. കൈ നീട്ടാൻ മാഷ് ആംഗ്യം കാണിക്കുന്നത് ശ്രദ്ധിക്കുക ആയിരുന്നു. ക്ളാസിൽ നിന്ന് ഒരു കോറസ് രൂപത്തിൽ (പെൺകുട്ടികളടക്കം , സത്യം) ..... മതി. എന്റെ കയ്യിൽ നിന്നുയർന്ന ശബ്ദം എഴുതാൻ അക്ഷരങ്ങളില്ല.
Comments
Post a Comment