ഏട്ടിലെ പശു.

 

 

സസ്പെൻസും ട്വിസ്റ്റും നിറഞ്ഞ ഒരു കഥയായിരിക്കും  ഇതെന്ന് കരുതി തുറന്നവരോട് ക്ഷമ ചോദിക്കുന്നു. ഇത് കഥയേ  അല്ല, ഒരു സംഭവം  മാത്രം.

 

ക്യാബിനിൽ എന്റെ കസേരയിൽ തലയുയർത്താൻ ഇട കിട്ടാതെ തിരക്കിലായിരുന്നു ഞാൻ.

അന്ന് ചൊവ്വാഴ്ച, ചന്ത ദിവസം. ചെക്കുകൾ മാറാനും , സ്വർണം പണയം വെക്കാനും എല്ലാമായി ഒരു പാട് പേർ കൗണ്ടറുകൾക്ക് മുന്നിൽ തിക്കി നിന്നു.

 

സ്വര്ണപ്പണയം ഉണ്ടാകുമ്പോഴാണ് എനിക്ക് കൂടുതൽ തിരക്ക്. അപ്പ്രൈസർ മേശപ്പുറത്തു വെക്കുന്ന സ്വർണം അതിനടിയിൽ ഫോറത്തിൽ എഴുതിയതുമായി തട്ടിച്ചു നോക്കണം, ഫോറത്തിൽ ഒപ്പിടണം, സ്വർണം അത് ഇനം   തിരിച്ചെഴുതിയ ചെറിയ സ്ലിപ്പുമായി അതിനുള്ള തുണിസഞ്ചിയിൽ ഇടണം , ചരട് വലിച്ചു കൂട്ടി കെട്ടണം. അത് കഴിഞ്ഞു പ്യൂൺ സഞ്ചിക്കു മുകളിൽ അരക്കൊഴിച്ച്  സീൽ വെക്കുന്നത് നോക്കണം.

 

അപ്പോൾ തന്നെ 30 എണ്ണം കഴിഞ്ഞിരിക്കുന്നു. ഒരു പത്തെണ്ണം കൂടെ ഉണ്ടായിരിക്കും.

 

അതിനിടക്ക് ആണ് രാമൻ വന്നു തല താഴ്ത്തി പറഞ്ഞത് : സാർ എന്റെ വീട്ടിനടുത്തുള്ള കുട്ടൻ തരകൻ  ആണ്. ഒരു ലോണിനെ പറ്റി സംസാരിക്കാൻ പറ്റിയാൽ വേണ്ടില്ല എന്ന് പറയുന്നു.

 

അവന്റെ അയൽക്കാരനാണ് എന്ന് കേട്ടപ്പോൾ ഞാൻ പറഞ്ഞു. സ്വർണം ഒന്ന് വെച്ചേക്കട്ടെ എന്നിട്ടു വരൻ പറയൂ.

 

അല്പം കഴിഞ്ഞു തരകൻ വന്നു വണങ്ങി മുന്നിൽ കസേരയിൽ ഇരുന്നു.

 

ഒരു ചെറിയ ലോൺ കിട്ടിയാൽ തരക്കേടില്ല.

ഞാൻ ചോദിച്ചു: എന്താ ആവശ്യം?

 

ചെറിയ കുട്ടിയുടെ കല്യാണം നിശ്ചയിച്ചു. കുറച്ചു ചെലവുണ്ട്.

 

കല്യാണത്തിന് ലോൺ കൊടുക്കാൻ വകുപ്പില്ലല്ലോ. വല്ല ആടിനോ പശുവിനോ കൃഷിക്കോ ഒക്കെ ആണെങ്കിൽ സർക്കാർ പദ്ധതികൾ ഉണ്ട്. കുറഞ്ഞ പലിശ, സബ്സിഡി എന്നീ ആനുകൂല്യങ്ങളും ഉണ്ടാവും.

 

ഞാൻ സമ്മതിച്ച പോലെ തരകൻ പറഞ്ഞു: ഉണ്ട് , ഉണ്ട് . ഒക്കെ ഉണ്ട്. കൃഷിയും ഉണ്ട് എനിക്ക് രണ്ടു കാളകളും ഉണ്ട്. അത് കാണിച്ചു ഒരു പത്തായിരം രൂപ കിട്ടിയാൽ തത്കാലം ഒരു നിവർത്തി ആയിരുന്നു. വേഗം തന്നെ വീട്ടിക്കോളം.

 

ബ്രാഞ്ചിലെ  തിരക്കൊഴിയാത്ത വിഷമത്തിലായിരുന്നു ഞാൻ. ബ്രേക്ക് എടുക്കുമ്പോഴേക്കും ഇന്ന് മുഹമ്മദിന്റെ കടയിൽ ഊണ് കഴിഞ്ഞിട്ടുണ്ടാകും അല്ലെങ്കിൽ തണുത്തിട്ടുണ്ടാകുംമുന്നിലിരിക്കുന്ന തരകൻ കാരണം സ്വല്പം അരിശവും വന്നു. ഞാൻ രാമനെ വിളിച്ചു.

 

രാമാ, നിങ്ങളുടെ അയൽവാസി അല്ലെ ? ഒന്ന് പറഞ്ഞൂ മനസ്സിലാക്കിക്കൊടുത്തോളു. ആഘോഷങ്ങൾക്കൊന്നും ലോൺ കൊടുക്കാൻ വകുപ്പില്ല. അതുമല്ല , കയ്യിലുള്ള കാളയെ വെച്ചും ലോൺ കൊടുക്കാൻ പറ്റില്ല. അത് പണയം വെക്കാവുന്ന ഒന്നല്ലല്ലോ.

 

ശരി സാർ എന്ന് പറഞ് തകരകനോട് വരാൻ ആംഗ്യം കാട്ടി രാമൻ പോയി.

 

പറഞ്ഞതു കുറച്ചു പരുഷ സ്വരത്തിലായിപ്പോയോ എന്ന് ഞാൻ സംശയിച്ചു. ബ്രാഞ്ച് ക്ലോസ്  ചെയ്യാറായപ്പോൾ

ഞാൻ രാമനോട് ചോദിച്ചു : രാമാ നമ്മുടെ തരകൻ പിണങ്ങിയിട്ടുണ്ടാകുമോ ?

 

ഇല്ല സാർ, പറഞ്ഞു കൊടുത്തിട്ടുണ്ട്.

 

സൂപ്പർവൈസർ തിരുമേനി അവിടെ ഉണ്ടായിരുന്നു. എന്തെല്ലാം സ്കീമു കൾ ആണ് ഉള്ളത് ? ആവശ്യക്കാരന് പെട്ടെന്ന് ഉതകുന്നതെന്തെങ്കിലും വേണ്ടേ? തിരുമേനി നൊമ്പരപെട്ടു.

 

എന്നിട്ടു തിരുമേനി തന്നെ സമാധാനിക്കുകയും ചെയ്തു. എന്താ ചെയ്യക? എങ്ങനെ വരച്ചാലും ഏട്ടിലെ പശു പുല്ലു തിന്നുകയില്ലല്ലോ!

 

പിന്നീട് ചന്ത ദിവസം അല്ലാത്ത ഒരു നാൾ കുട്ടൻ തരകൻ  വന്നു .

 

വന്നു മുന്നിലിരുന്നു അയാൾ പറഞ്ഞു : സാർ എനിക്ക് രണ്ടു കാളകളെ വാങ്ങാൻ ലോൺ തരണം. സാർ അന്ന് പറഞ്ഞില്ലെ ?

 

നിങ്ങള്ക്ക് കാളകൾ ഉണ്ടെന്നല്ലേ പറഞ്ഞത് ?

 

ഉണ്ടായിരുന്നു സാർ അവയെ ഞാൻ വിറ്റു. മകളുടെ കല്യാണത്തിന് കുറച്ചു പണം വേണ്ടിയിരുന്നു. ഇപ്പോൾ എനിക്ക് കാളകൾ ഇല്ല.

 

രാമൻ ക്യാബിനു പുറത്തു തിരക്കിട്ട എന്തോ ജോലിയിലാണ്. എന്നാലും ഇടയ്ക്കു ക്യാബിനിലേക്കു നോട്ടങ്ങൾ പായിക്കുന്നത് എനിക്ക് കാണാമായിരുന്നു.

 

ഞാൻ ഒരു ദിവസവും കൊണ്ട് വരേണ്ട പ്രമാണങ്ങളും പറഞ്ഞു കൊടുത്തിട്ടു അയാളെ വീണ്ടും വരാൻ പറഞ്ഞയച്ചു.

 

പിന്നീട് തരകന് കാളകൾക്കുള്ള ലോൺ കൊടുത്തു. അയാൾ അടുത്ത് തന്നെയുള്ള വേറെ ഒരു തരകനിൽ നിന്ന് 12000 രൂപ കൊടുത്തു രണ്ടു കാളകളെ വാങ്ങി.

 

അത് അയാളുടെ പക്കൽ മുൻപുണ്ടായിരുന്ന കാളകൾ തന്നെ ആയിരുന്നെന്നെല്ലാം കേട്ടിരുന്നു. പക്ഷെ അത്രത്തോളം ജാഗ്രത പാലിക്കേണ്ടത് എന്റെ ഡ്യൂട്ടി ആയിരുന്നില്ല.

 

തിരുമേനി പറഞ്ഞു: ഏട്ടിലെ പശുവിന് ഏട്ടിലെ പുല്ലു തിന്നാലോ !

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ