മരിച്ചുപോയ ഞാൻ
മരിച്ചുപോയ ഞാൻ
മുപ്പത് കൊല്ലത്തെ പ്രവാസജീവിതം കഴിഞ്ഞു തിരിച്ചെത്തിയ ഞാൻ സ്വന്തം നാട്ടിൽ അപരിചിതനായി. ഏറ്റവും അടുത്ത സുഹൃത്തുക്കളൊഴികെ എല്ലാവരും അപ്രത്യക്ഷരായി.എന്റെ സ്കൂൾ സുഹൃത്തുക്കൾ . കോളേജ് സഹപാഠികൾ . എൻ സി സി കേഡറ്റുകൾ. എന്റെ വിദ്യാർഥികൾ . എവിടെപ്പോയി അവരെല്ലാം ?
പുറത്തിറങ്ങുമ്പോഴെക്കെ അവർക്കു വേണ്ടി എന്റെ കണ്ണുകൾ പരതി.
അവരെപ്പോലെയൊക്കെ തന്നെ ഞാനും കണ്ടാൽ മനസ്സിലാകാത്ത വിധം മാറിപ്പൊയി എന്നത് ഞാൻ ആദ്യമൊന്നും ഓർത്തില്ല.
ഒരു ദിവസം മോടി പിടിച്ച മിട്ടായി തെരുവിലൂടെ നടക്കുമ്പോൾ ഞാൻ ഔക്കറിനെ കണ്ടു. കോളേജിൽ എന്റെ കൂടെ എൻ സി സിയിൽ ഉണ്ടായിരുന്ന അബൂബക്കർ. അവന്റെ മുൻ വരിയിലെ ഒരു പല്ലു ഇന്നും സ്റ്റെപ് ഔട്ട് ആയി തന്നെ ഇരിക്കുന്നത് കൊണ്ട് ആള് മാറിപ്പോകാൻ വഴിയില്ല. ഒരു കടയുടെ മുന്നിൽ നിന്ന് വഴിപോക്കരെ ക്ഷണിക്കുന്നു, സാധനങ്ങൾ വാങ്ങിക്കാൻ. "സിസ്റ്റർ, ബെൽറ്റ് വേണ്ടേ ഒറിജിനൽ ലെതർ ആണ്".
ഞാൻ അടുത്ത് ചെന്നു. ഔക്കർ അല്ലെ?
അവൻ എന്നെ സൂക്ഷിച്ചു നോക്കി. നിങ്ങൾ ആരാണ്?
ഞാൻ ബാബു. പ്രീ ഡിഗ്രിക്ക് ആർട്സ് കോളേജിൽ......
അവനു പെട്ടെന്ന് എന്നെ മനസ്സിലായി. "ഓ മനസ്സിൽ ആയി. പുതിയങ്ങാടിയിൽ നിന്ന് വന്നിരുന്ന ബാബു. നീ എത്ര മാറിപ്പോയി!. നിന്റെ അനിയനെ ഞാൻ കുറച്ചു ദിവസം മുൻപ് കണ്ടിരുന്നു.''.
കാടു കയറുന്നതുനു മുൻപ് ഞാൻ അവനെ പിടിച്ചു നിർത്തി. എനിക്ക് അനിയനൊന്നും ഇല്ല. പുതിയങ്ങാടിയിലും അല്ല.
അവൻ ഒരാവൃത്തി കൂടി എന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ടു ചിരിച്ചു. ശരിക്കും മനസ്സിലായതിന്റെ സന്തോഷത്തിൽ കൈ എന്റെ തോളിൽ വച്ചു. "അങ്ങിനെ വരട്ടെ. ഇപ്പോഴാണ് പിടി കിട്ടിയത്. ഇടിയങ്ങരക്കാരൻ ! ആദ്യം മനസ്സിലായില്ല. നീ ബാംഗളൂരിൽ നിന്ന് എന്ന് വന്നു?".
എന്നെ മനസ്സിലാക്കുന്ന കാര്യത്തിൽ ജയിക്കണമെന്നു അവനു കടുത്ത വാശിയുള്ളതു പോലെ.
എന്റെ മുഖത്ത് നിന്ന് നിരാശ മാഞ്ഞില്ല. ഞാൻ പറഞ്ഞു. " അതൊന്നുമല്ല, ഞാൻ ബേപ്പൂർ ആണ്. അന്നും ഇന്നും".
അത് അവനെ കുഴക്കി. എന്നെ വീണ്ടും നോക്കി. പിന്നീട് കണ്ണ് പുറം ലോകത്തു നിന്ന് തിരിച്ചെടുത്തു അകത്തെ ഓർമകളിലേക്ക് കൊണ്ട് പോയി.എവിടെയോ പരതി ഉത്തരം കിട്ടാനായി എന്ന പോലെ തല കുറച്ചൊന്നു ചരിച്ചു എന്നെ നോക്കി. "ഓ. ബേപ്പൂരിൽ തോണി മറിഞ്ഞു മരിച്ച ........"
പിന്നെ ഞാൻ അവിടെ നിന്നില്ല.
Comments
Post a Comment