പേരിട്ടിട്ടില്ല
നാട്ടിലെ
ഒരു കുഗ്രാമത്തിൽ നിന്നാണ് പ്രദീപൻ വന്നത്. മുണ്ടുടുത്ത ശീലം ഉള്ള അയാൾ
എയർപോർട്ടിലും ഞങ്ങളുടെ താമസസ്ഥലത്തും ഒക്കെ ഒരു കാഴ്ചവസ്തു ആയിരുന്നു.
ഓഫീസിൽ ഹാജരാകാൻ തുടങ്ങിയപ്പോഴാണ് അവിടത്തെ ഡ്രസ്സ് കോഡ് അവൻ കാണുന്നത്.
ഒരു പാളക്കളസം സംഘടിപ്പിച്ചു ഓഫീസിൽ വന്ന അവനെ സീനിയർ
വിളിച്ചു വിരട്ടി.
നീ
ഒരു സോഫ്റ്റ്വെയർ പ്രൊഫഷണൽ ആണ്.
ക്ലയന്റ് സൈറ്റിൽ പോകുമ്പോൾ ഇങ്ങനെയൊന്നും പറ്റുകയില്ല. അടുത്ത ആഴ്ച മുതൽ സ്യൂട്ടും
ടയ്യും വേണം.
ഉരുകാൻ തുടങ്ങിയ
പ്രദീപൻ എന്റെ താമസസ്ഥലത്ത് അഭയം
തേടി. അധികമൊന്നും ചെലവില്ലാതെ ഒരു സൂട്ട് സംഘടിപ്പിച്ചു
കൊടുക്കണം. അധികം ചെലവില്ലാതെ വേണം. റെയ്മോൻഡ്സും
പിയറി കാർഡിനും ഒന്നും അവന്റെ കോക്കിൽ കൊള്ളുകയില്ല.
കേട്ട്
നിന്ന വിനോദിന് ഐഡിയ വന്നു. ബത്തയിൽ
കാലാകാലവും സെയിൽ നടക്കുന്ന കടകൾ ഉണ്ട് . അവിടെ
നിന്ന് തുണി വാങ്ങാം. അറിയുന്ന
ഒരു തയ്യൽക്കാരൻ ഉണ്ട്. അവനെക്കൊണ്ട് തയ്പ്പിക്കാം. പ്രദീപന് മുൻപരിചയക്കുറവ് കാരണം അഭിപ്രായമൊന്നും ഉണ്ടായില്ല. ശരി.
വെള്ളിയാഴ്ച
ഉച്ചക്ക് ശേഷം രണ്ടു പേരും
ബത്തയിൽ പോയി തുണി വാങ്ങിച്ചു.
അറിയുന്ന തുണിക്കാരന് സൂട്ട്
തയ്ച്ചു ശീലം ഇല്ലാതിരുന്നതു കൊണ്ട്
കുറച്ചു മടിയുണ്ടായി. സാമ്പിൾ ഞങ്ങൾ കൊടുക്കാമെന്നും അത് കോപ്പി അടിച്ചാൽ
മതിയെന്നും ഇത് ഒരു തുടക്കമായി
എടുത്തു ഭാസുരമായ ഭാവിക്കു തറക്കല്ലിടണമെന്നും വിനോദ് തയ്യൽക്കാരനെ
പറഞ്ഞു കയറ്റി.
അടുത്തയാഴ്ച
സൂട്ട് റെഡി. വെള്ളിയാഴ്ച വൈകീട്ട് രണ്ടു പേരും തന്നെ അത് വാങ്ങി കൊണ്ടുവന്നു.
ഡ്രസ്സ് റിഹേർസൽ (!) ഞങ്ങളുടെ മുറിയിൽ വെച്ചായിരുന്നു. പ്രദീപൻ അതിട്ടു. ടൈ കെട്ടി. കണ്ണാടിയിൽ
നോക്കി സെൽഫ് അപ്പ്രൈസൽ നടത്തി. തിരിഞ്ഞു നിന്ന് ഞങ്ങളെ നോക്കി. ഞാൻ വിനോദിനെയും അവൻ
എന്നെയും നോക്കി.
കൊടുത്ത
അളവിന്റെ തകരാറു കൊണ്ടാണോ എന്തോ കോട്ടിന്റെ ഒരു ഭാഗം കുറച്ചു
പുറത്തായിരുന്നു. ബട്ടൺ സ്ട്രിപ്പ് ഇടതു നിന്ന് വലത്തോട്ട്
ബാന്റടിക്കാരന്റെ ക്രോസ് ബെൽറ്റ്
പോലെ ചരിഞ്ഞു കിടക്കുന്നു. പാന്റ്സിന്റെ കാലുകളും രണ്ടും വേറെ വേറെ പാന്റ്സിൽ
നിന്നെടുത്ത പോലെ എന്ന്
തോന്നിപ്പോകും. പ്രദീപൻ പൊതുവെ ഒരു തൊട്ടാൽ വാടി
ആണ് പരിഹസിക്കാൻ പറ്റില്ല.
ഗൗരവം
കടിച്ചു പിടിച്ചു കൊണ്ട് തന്നെ ഞാൻ പറഞ്ഞു : മൊത്തത്തിൽ
തരക്കേടില്ല . നീ നാളെ ഇതൊന്നു
തയ്യൽക്കാരനെ ഇട്ടു കാണിച്ചു കൊടുക്ക്. പറ്റുമെങ്കിൽ ഒന്ന് അഡ്ജസ്റ്റ് ചെയ്തു തരാൻ പറ.
ഒന്ന് മൂളി വിനോദ് അത്
ശരി വെച്ചു. പ്രദീപൻ പോയ ശേഷം ഞാൻ
വിനോദിനോട് ചോദിച്ചു : ആ തയ്യൽക്കാരൻ നിന്റെ
അമ്മാവനോ മറ്റോ ആണോ ? ഉത്തരം കേൾക്കാൻ ഞാൻ നിന്നില്ല.
സൂട്ടിട്ടു
നടക്കുമ്പോൾ വലത്തേ ചുമൽ കുറച്ചൊന്നു മുന്നോട്ടു
വളച്ചാൽ മതി , കോട്ട് നേരെ നിന്നുകൊള്ളുമെന്നും പാന്റ്സ് നേരെ
നിൽക്കാൻ ഇടതു കാൽപത്തി ഒരു
മുപ്പതു ഡിഗ്രി ചരിച്ചു പിടിച്ചാൽ മതിയെന്നും പറഞ്ഞു തയ്യൽക്കാരൻ അവനെ സമാധാനിപ്പിച്ചെന്നും ആണ് പിന്നീടുള്ള
അറിവ്.
പിന്നെ
ഞാൻ യാത്രയിൽ ആയിരുന്നു , പ്രദീപനെ വീണ്ടും കാണുന്നത് അൽ ഖർജിൽ കമ്പനിയുടെ
ആനിവേഴ്സറിക്ക് എല്ലാവരും ഒത്തു ചേർന്നപ്പോഴാണ്.
ദൂരത്തുള്ള
കക്ഷികളോടൊപ്പ൦ ജോലി ചെയ്യന്ന ചില
ആൾക്കാരുടെ കൂടെ ഇരിക്കുമ്പോഴാണ് ഒരാൾ
കോട്ടും സൂട്ടും ഒക്കെ ഇട്ടു ഫുൾ ഫോമിൽ വന്നു
അകത്തേക്ക് കയറിപ്പോയത്.
എന്റടുത്തിരുന്ന
രണ്ടു പേരുടെ സംഭാഷണം ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ആ
കൺസൾട്ടന്റിന് എന്തോ അംഗവൈകല്യം ഉണ്ടെന്നു തോന്നുന്നു , നടക്കുന്നത് കണ്ടില്ലേ , പാടുപെടുന്നുണ്ട്.
മറ്റെയാൾ:
എനിക്ക് അതിശയം തോന്നുന്നത് അതല്ല. അയാളുടെ ഈ വളഞ്ഞൊടിഞ്ഞ ശരീരത്തിന്
പാകമായി ആ സൂട്ട് തയ്ച്ചു
കൊടുത്ത തയ്യൽക്കാരൻ ഒരു സംഭവം തന്നെ.
Comments
Post a Comment