രണ്ടു മുക്കാലിന്റെ ചങ്കിടിപ്പ്
രണ്ടു മുക്കാലിന്റെ ചങ്കിടിപ്പ് ട്രാഫിക് സിഗ്നലിൽ ലൈറ്റ് പച്ചയാകാൻ കാത്ത് നിൽക്കുന്ന അക്ഷമയോടെ ആണ് 4 മണി അടുക്കുമ്പോൾ മുൻ ബെഞ്ചിലെ കുട്ടികൾ പുസ്തകങ്ങൾ ഒതുക്കിപ്പിടിച്ച്, ഡെസ്ക് തടസ്സമാകാതിരിക്കാൻ വശത്തുകൂടി പുറത്തു വന്ന് ഇഞ്ചിഞ്ചായി മുന്നോട്ടു നീങ്ങുക. ഗുപ്തൻ മാഷ് അത് കാണാതിരിക്കാൻ ശ്രമിക്കും. കണ്ടാൽ കുട്ടികളെ പിടിച്ചു നിർത്തേണ്ടി വരും. അത്രയും നേരം അദ്ദേഹവും അവിടെ നിൽക്കണ്ടേ? ഭരതന്റെ ഇരുമ്പുദണ്ഡ് ലോങ്ങ് ബെല്ലിന് വേണ്ടി മണിപ്പലകയിൽ ആദ്യത്തെ അടി അടിക്കുമ്പോൾ ഞാനും ബാലകൃഷ്ണനും വാതിൽ കടന്ന് വരാന്തയിൽ നിന്ന് ചാടിയിറങ്ങി മുറ്റത്തെത്തിയിരിക്കും. സ്കൂൾ ഗേറ്റ് കടന്ന് ഇടത്തോട്ട് തിരിഞ്ഞ്, നിൽക്കാതെ ഓട്ടമാണ്. സ്പോർട്സ് ഡേയ്ക്ക് 100, 200 മീറ്ററുകളിൽ പങ്കെടുക്കുന്നതിനുള്ള പ്രാക്ടിസിൽ ആണ് ബാലകൃഷ്ണൻ. അമ്പതടി വഴി മുന്നിൽ കണ്ടാൽ അവൻ നടത്തം മാറ്റി ഓട്ടമാക്കും. എനിക്ക് അങ്ങനെയുള്ള രഹസ്യ അജണ്ടകളൊന്നുമില്ല. എന്നാലും അവന്റെ കൂടെ കമ്പനിക്കു വേണ്ടി ഓടുന്നു. വെറുതെ വെയില് കൊള്ളുന്ന കുറുഞ്ചാത്തൻ. വട്ടക്കിണർ എത്തുമ്പോൾ പരസ്പരസഹായ സഹകരണ കൈത്തറി സംഘത്തിന്...