ഒരു മരത്തിന്റെ മരണം
17 കൊല്ലാത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം ആ വരിക്ക പ്ലാവിൻമേൽ ഇന്ന് മഴു വീണു. ത്തഡ് എന്ന ശബ്ദത്തോടെ അവസാനം ബാക്കിനിന്ന തന്മരം നിലത്തു വീണു. ബന്ധുമിത്രങ്ങളിൽ ഒരുപാടു പേരുടെ പ്രീതി സമ്പാദിച്ച മരമായിരുന്നു. എല്ലാ വർഷവും തേൻ മധുരമുള്ള ചക്ക തന്ന് അത് ഞങ്ങളെയൊക്കെ സന്തോഷിപ്പിച്ചു. വന്ന് ഇല വെട്ടി കൊണ്ടുപോകാൻ തയാറുള്ള ആടുകര്ഷകരെ വേണ്ടത്ര സഹായിച്ചു. ദാനപ്രാപ്തിയിലൂടെ ഞങ്ങളെ അഭിമാനം കൊള്ളിച്ചു. വീട്ടിന്റെ തറയ്ക്കും മതിലിനുമിടയിലുള്ള അഞ്ചടിയിൽ വേര് പരത്തിയും ടെറസിലെ ടാങ്കിന്റെ ഷീറ്റിൽ ഉരസിയും ഞങ്ങളെ ഭീഷണി പെടുത്തി എന്നതാണ് അത് ചെയ്ത തെറ്റ്. ഭാവിയിൽ ഒരു ദിവസം ചട്ടുകം കൊണ്ട് ദോശ മറിച്ചിടുന്നപോലെ വേരുകൾ കൊണ്ട് എന്റെ വീട് മറിച്ചിടുന്നത് പ്രവചിച്ച് ഉപദേശികൾ എന്നെ ഭീഷണിപ്പെടുത്തി. എന്റെ ഉറക്കം കെടുത്തി. മുറിക്കാനുപദേശിച്ചവരുടെ കണക്കിൽ ആ ചക്കകളും ഇലകളും പ്ലാവ് തന്ന തണലും ഒന്നും ഇടം കണ്ടില്ല. ഞാൻ റഷീദിനെ വിളിച്ച് അത് വിൽക്കാൻ നോക്കി.ആകെയുള്ള വണ്ണം കാര്യമായ ഉപയോഗത്തിന് മതിയാകുന്നില്ലെന്നതിനാൽ അവൻ ഒഴിഞ്ഞു. വേണ്ട, വെറകിനേ പറ്റൂ. ഇന്ന് വിറക് ആർക്കു വേ...