ചോയിക്കുട്ടിയും തുമ്പിയും
ചോയിക്കുട്ടിയും തുമ്പിയും പേര് വടക്കേപ്പറമ്പിൽ വാസുദേവൻ മകൻ ഗോപാലകൃഷ്ണൻ. അത് രൂപാന്തരപ്പെട്ട് കിട്ടൻ , കുട്ടൻ, കുട്ടപ്പൻ എന്നൊക്കെ ആയി. ആളുകൾ ഭാരമെടുപ്പിച്ചു ശീലിച്ചപ്പോൾ അവനു യോജിച്ച പേര് വന്നു, തുമ്പി. കണ്ടാൽ ഓട്ടിസം ബാധിച്ചതാണോ എന്ന് തോന്നിയേക്കാം, ശരിയല്ല. നേത്രങ്ങൾ സ്റ്റെഡി ആണ്. കഴുത്തും മറ്റവയവങ്ങളൊക്കെയും പൂര്ണസ്വാധീനത്തിലാണ്. തോന്നലിനു പ്രചോദനം അവന്റെ മുഖത്തിന്റെ ആകൃതി ആണ്. മുന്നോട്ടുന്തിയ തൊണ്ണും പല്ലുകളും ആകൃതി മാറ്റി സൈക്കിൾ സീറ്റ് പോലെ ആക്കിയ മുഖം. ഡിക്കന്‍സിന്റെ ഭാഷയിൽ ടേബിൾ സ്പൂണിൽ പ്രതിഫലിച്ചു കാണുന്ന മുഖം. നീണ്ടു മെലിഞ്ഞതാണോ, മെലിഞ്ഞു നീണ്ടതാണോ എന്ന് കൃത്യമായി പറയാൻ പറ്റില്ലെങ്കിലും നീണ്ടും മെലിഞ്ഞും ആണ്. ആകെ മൊത്തം ഒരു കോമഡി കഥാപാത്രമായാണ് പരിസരത്തുള്ളവർ അവനെ കണക്കാക്കുന്നത്. പല തമാശകളുടെയും ഇരയായി കുട്ടപ്പൻ കഴിഞ്ഞു പോരുന്നു. ചുറ്റുവട്ടത്ത് എന്തെങ്കിലും പരിപാടി ഉണ്ടായാൽ അവൻ അവിടെ ഉണ്ടാകും. എന്ത് ജോലിയും എടുക്കാൻ മടിയില്ല. ഇടയ്ക്കു വീട്ടു പടിക്കൽ വരും. തേങ്ങ വലിച്ചോ എന്ന് ചോദിക്കും. വലിച്ചാൽ ചകിരി പൊളിക്കുന്ന ജ...