ട്രേഡ് സീക്രട്ട്
ട്രേഡ് സീക്രട്ട് പ്രാതൽ അവസാനിപ്പിച്ച് കൈ കഴുകി തിരിയുമ്പോൾ സുഷമ മെല്ലെ അടുത്ത് വന്നു. അടുക്കളയിൽ എന്തോ ചെയ്തു കൊണ്ടിരുന്ന 'അമ്മ കേൾക്കാത്ത വിധത്തിൽ ശബ്ദം താഴ്ത്തി അവളുടെ ചോദ്യം: ഇന്ന് ഏട്ടന് ലീവ് അല്ലെ? ഞാൻ ഒന്നും പറഞ്ഞില്ല. വരാനുള്ളത് എന്തായിരിക്കും എന്ന് ആലോചിക്കുക ആയിരുന്നു. 'അമ്മ നാളെ പോകുന്നു എന്ന് പറഞ്ഞു, ശരി രാവിലെ ബസ് കയറ്റി വിട്ടേക്കാം , ഞാൻ പറഞ്ഞു. അതല്ല.... ഞാൻ വീണ്ടും ആകാംക്ഷയിൽ. ഒന്നും പറഞ്ഞില്ല. കാര്യം മുഴുവനും കേൾക്കാതെ എന്തെങ്കിലും എടുത്തു ചാടി പറഞ്ഞാൽ വെളുക്കാൻ തേച്ചത് പാണ്ടാകും. മാൾ വന്നതിനു ശേഷം 'അമ്മ ആദ്യായിട്ട് വര്വല്ലേ. ഒന്ന് കൂട്ടി കൊണ്ട് പോയി കാണിച്ചു കൊടുക്കാമായിരുന്നു. രോഗം മനസ്സിലായി. മാളിലേക്ക് ഒരു സന്ദർശനം ആണ് ലക്‌ഷ്യം. ഒരാഴ്ച മുൻപത്തെ സന്ദർശനത്തിന്റെ ബാധ്യതകൾ അടച്ചു തീർന്നിട്ടില്ല. ഇന്നും പത്രത്തിൽ പരസ്യം ഫുൾ പേജിൽ തന്നെ ഉണ്ട്. ചില ഇനങ്ങൾക്ക് 75 % വരെ ഡിസ്‌കൗണ്ട് ഉണ്ട്. ക്യാഷ് ബാക്ക് മുതൽ ബെൻസ് കാർ വരെ സമ്മാനം ഉണ്ട്. ആകർഷണം ഗുരുത്വത്തെ വെല്ലും. പെട്ടെന്ന് വീണു പോകും...